വാസ്തു

എന്താണ് ‘ വാസ്തു ‘ എന്ന പദത്തിന്റെ അര്‍ത്ഥം?

   ‘ വസ് ‘ എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ‘ വാസ്തു ‘ എന്ന പദം ഉണ്ടായത്. വസ് എന്നതിന് താമസിക്കുക, വസിക്കുക എന്നൊക്കെ അര്‍ത്ഥമുണ്ട്. ഭവന നിര്‍മ്മാണത്തിന് യോഗ്യമായ ഭൂമി എന്നാണ് വാസ്തുവിന്റെ അര്‍ത്ഥം.

   മര്‍ത്ത്യരും അമര്‍ത്ത്യരുമായ മറ്റു ജീവികളും കുടികൊള്ളുന്നതാണ് വാസ്തു. ഇതില്‍ പക്ഷികള്‍, മൃഗങ്ങള്‍, വൃക്ഷലതാദികള്‍ തുടങ്ങിയവ മര്‍ത്ത്യഗണത്തിലും ദേവതകള്‍, ഉപദൈവങ്ങള്‍, ആത്മാക്കള്‍ തുടങ്ങിയവ അമര്‍ത്യഗണത്തിലും പെടുന്നു. ഇവയുടെയെല്ലാം വാസസ്ഥാനങ്ങള്‍ വാസ്തുവാണ്.

   വാസ്തുവിന് വസ്തു അല്ലെങ്കില്‍ വസ്തുക്കള്‍ എന്നും അര്‍ത്ഥമുണ്ട്. വാസ്തുവിന്റെ വൈദികനിയമങ്ങള്‍ക്കനുസൃതമായി ഗൃഹോപകരണങ്ങളും മുറികളും മറ്റും ക്രമീകരിക്കുന്ന കലയാണ്‌ വാസ്തു ശാസ്ത്രം.

   മഹാവിഷ്ണുവിന്റെ ദിവ്യ രൂപമാണ് വാസ്തുപുരുഷന്‍. ഭൂമിയുടെ ഉപരിതല ഭാഗമാണ് വാസ്തുപുരുഷന്റെ ശാരീരമെന്നു പറയുന്നത്. അതുകൊണ്ട് ഭൂമിയില്‍ നിര്‍മ്മിക്കപ്പെടുന്നതും ഇനി നിര്‍മ്മിക്കാനുള്ളതുമായ എല്ലാ കെട്ടിടങ്ങളും (വീടുകളും) വാസ്തുപുരുഷന്റെ അനുമതിയോടെ നിര്‍മ്മിക്കണം. ഏത് കെട്ടിടമായാലും (കുടിലായാലും കൊട്ടാരമായാലും), കടയാണെങ്കില്‍ കൂടി നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പായി ഭൂമി പൂജ നടത്തിയിരിക്കണം. വാസ്തുപുരുഷന്‍ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനു സഹായിക്കും. നിര്‍മ്മാണഘട്ടം മുതല്‍ അത് പൂര്‍ത്തിയാകുന്നത് വരെയും പിന്നീട് കെട്ടിടം ഉപയോഗിച്ച് തുടങ്ങുമ്പോള്‍ നല്ല അനുഭവങ്ങള്‍ കിട്ടുന്നതിനും വേണ്ടിയും വാസ്തു ഭഗവാന്റെ അനുഗ്രഹങ്ങള്‍ ഉണ്ടാകുന്നതിനും വേണ്ടിയുള്ളതാണ് ഭൂമിപൂജ.

   വാസ്തുശാസ്ത്രത്തിന്റെ നിയമങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുന്നവര്‍ക്ക് എല്ലാ ഭൗതീക നേട്ടങ്ങളും ആത്മീയ ബോധജ്ഞാനവും ലഭിക്കും. നഗരങ്ങള്‍, വീടുകള്‍, കോളനികള്‍ തുടങ്ങി രാജ്യങ്ങള്‍ വരെ നിര്‍മ്മിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഈ പൗരാണിക ശാസ്ത്രം വിശദീകരിക്കുന്നത്. ഓരോ രാജ്യത്തിന്റെയും വികസനം അതിന്റെ വാസ്തുബലത്തെ ആശ്രയിച്ചിരിക്കും.

   വാസ്തുനിയമങ്ങള്‍ എവിടെയൊക്കെ ലംഘിച്ചിട്ടുണ്ടോ അവിടെയെല്ലാം ദോഷഫലങ്ങള്‍ ഉണ്ടാകും. ഒരു വീടോ കെട്ടിടമോ നിര്‍മ്മിക്കുന്നതിന് മുമ്പ് ഒരു വാസ്തുശാസ്ത്രിയുടേയോ  വാസ്തുവിദഗ്ദ്ധന്റേയോ ഉപദേശം നേടുകയാണെങ്കില്‍ ആ വീട്ടിലൂടെ എല്ലാ വിജയങ്ങളും നേടും എന്നത് ഉറപ്പായ വസ്തുതയാണ്.

 

ലക്ഷണമൊത്ത ഒരു ഭവനം ഏതു വിധം

പൂര്‍ണ്ണലക്ഷണമൊത്ത ഒരു വീടിന് കിഴക്കേ ദിക്കിലേക്കായിരിക്കും ദര്‍ശനമുണ്ടാവുക.

വടക്കോട്ട്‌ ദര്‍ശനമായാലും നല്ലത് തന്നെ.

മനുഷ്യന് ശ്വാസോച്ച്വാസം ചെയ്യാന്‍, ആഹാരം കഴിക്കാന്‍, വിസര്‍ജിക്കാന്‍ എന്നിവയ്ക്കായി മൂന്നു ദ്വാരങ്ങള്‍ ഉള്ളതുപോലെ ഉത്തമഗൃഹത്തിനും പുറത്തേക്ക് മൂന്നു വാതിലുകള്‍ ഉണ്ടായിരിക്കണം.

ലക്ഷണമൊത്ത വീടിന് കണ്ണുകളായി ജനാലകള്‍ ആവശ്യാനുസരണം ഉണ്ടായിരിക്കണം. ലക്ഷണമൊത്ത ഒരു ഭവനത്തിന്റെ കുംഭംരാശിയില്‍ നല്ലൊരു കിണര്‍ നിര്‍മ്മിചിരിക്കണം. മീനം രാശിയിലോ, മേടം രാശിയിലോ, ഇടവം രാശിയിലോ കിണര്‍ ആവാം.

പുറത്തുനിന്നും വീട്ടുമുറ്റത്തേയ്ക്കുള്ള പ്രവേശനമാര്‍ഗ്ഗം മറ്റ് ദിക്കുകളെ അപേക്ഷിച്ച് കിഴക്കുദിക്കില്‍ നിന്നാകുന്നതാണ് ഉത്തമം.

നല്ലൊരു വീടിന്റെ മുറ്റത്തോ, പറമ്പിലോ, കാഞ്ഞിരം, സ്വര്‍ണ്ണക്ഷീരി  എന്നീ വൃക്ഷങ്ങള്‍ ഉണ്ടായിരിക്കാനേ പാടില്ല.

 

മര്‍മ്മദോഷ പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?

  എണ്‍പത്തിഒന്നായി ഭാഗിച്ചുകിട്ടിയ ഒരു പദവിസ്താരം ഇരുപത്തിനാലായി ഭാഗിച്ച് അതില്‍ ഒരംശം അങ്കണമദ്ധ്യമാകുന്ന മഹാമാര്‍മ്മസ്ഥാനത്ത് നിന്ന് വടക്കോട്ടോ, കിഴക്കോട്ടോ ഗമിപ്പിച്ച് ഗൃഹദീര്‍ഘാര്‍ദ്ധം ഇരുപാര്‍ശ്വങ്ങളിലേയ്ക്കും വച്ചാല്‍ മര്‍മ്മപീഡ, സ്തംഭകഡ്യാദികളില്‍ ബാധിക്കുന്നതല്ല അഥവാ ബാധിച്ചാല്‍ പഞ്ചഃശിരസ്ഥാപനം ചെയ്ത് ദോഷശാന്തി വരുത്താവുന്നതാണ്.

വീടിന്റെ പടികള്‍ ഇടുന്നത് എങ്ങോട്ടായിരിക്കണം?

  തെക്കോട്ടും വടക്കോട്ടും മുഖമായ വീടുകളാണെങ്കില്‍ വീട്ടിലേയ്ക്ക് കയറേണ്ടത് കിഴക്കുനിന്നോ പടിഞ്ഞാറ് നിന്നോ ആയിരിക്കണം. തെക്കോട്ട്‌ കയറുന്നതും ഇറങ്ങുന്നതും ശുഭകരമല്ല. തെക്കോട്ടാണ് വാതില്‍ വയ്ക്കുന്നത് എങ്കില്‍ അത് വിദ്ദിക്ക് ആയി ചെയ്യാന്‍ പാടില്ല.
  സിറ്റൗട്ടിലുള്ള പടി കയറുന്നത് കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ ആകുന്നതാണ് അഭികാമ്യം. പടികളുടെ എണ്ണം 2, 4, 6, 8 എന്നിങ്ങനെയാണ് വേണ്ടത്.

വീട് വാങ്ങുമ്പോഴും, വാടകയ്ക്ക് എടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  പ്രധാനവാതില്‍ ശരിയായ ദിക്കിന് അനുസരിച്ചുള്ളവ ആയിരിക്കണം. അതായത് കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നിങ്ങനെ ആയിരിക്കണം.

മുറികളുടെ സ്ഥാനം

      ഊര്‍ജ്ജസംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുറികളുടെ സ്ഥാനം ക്രമീകരിച്ചിരിക്കുന്നത്. ഈ ഊര്‍ജ്ജം എല്ലാ മുറികളിലേയ്ക്കും എത്തിച്ചേരുവാനാണ് ഓരോ മുറിക്കും അതിനുചേര്‍ന്ന സ്ഥാനങ്ങള്‍ വാസ്തുവില്‍ നല്‍കിയിരിക്കുന്നത്. മുറികള്‍ സ്ഥാനം തെറ്റിവച്ചാല്‍ ഊര്‍ജ്ജ വ്യതിയാനം സംഭവിക്കുന്നു. ഈ വ്യതിയാനമാണ് മാനസിക പ്രശ്നങ്ങള്‍ നമ്മളില്‍ സൃഷ്ടിക്കുന്നത്.
   ഉദാഹരണത്തിനായി ലിവിങ്ങ് റൂമിലിരുന്നാല്‍ എതിര്‍വശത്ത് ഒരു ടോയലറ്റ് നല്‍കിയാല്‍ ഇത് കാണുന്നവരെ മാത്രമല്ല ഉപയോഗിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാകും.

മരണച്ചുറ്റ് എന്താണ്?

  പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കുമുള്ള ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, മരണം എന്നീ അഞ്ച് അവസ്ഥകള്‍ വാസ്തുശാസ്ത്രത്തിലുമുണ്ട്.
  ഇതില്‍ മരണവിഭാഗത്തിലുള്ള അളവുകള്‍ അനുസരിച്ച് ഗൃഹം പണിതാല്‍ ദോഷഫലങ്ങള്‍ ഉണ്ടാകുമെന്ന് വാസ്തു അനുശാസിക്കുന്നു. ഈ എടുക്കുന്ന “ചുറ്റാണ്  ” മരണച്ചുറ്റ്. വാസ്തുവില്‍ എടുക്കേണ്ടത് കൗമാരം, യൗവന കണക്കുകളാണ്.
  ഭൂമിയുടെ അധിപന്‍ സൂര്യനാണ്. ഓരോ ദിക്കിനും അനുയോജ്യമായ കണക്കുണ്ട്. ദിക്കനുസരിച്ച് ഗൃഹത്തിന് നല്‍കാവുന്ന ആകൃതിയെ കുറിച്ചും വാസ്തുവില്‍ പ്രതിപാദിക്കുന്നുണ്ട്. കിഴക്കിനും വടക്കിനും ഏത് ആകൃതിയും യോജിക്കും.
  വടക്കും കിഴക്കും ദര്‍ശനമുള്ള വീടുകള്‍ ഐശ്വര്യപ്രദങ്ങളാണ്.
  വീടിന്റെ അടുക്കള തെക്കുകിഴക്ക്, വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് എന്നിവയില്‍ ആയിരിക്കണം. ഒരു കാരണവശാലും തെക്കുപടിഞ്ഞാറ് അടുക്കള വരരുത്. ഒരു വീട്ടില്‍ രണ്ട് അടുക്കള നല്ലതല്ല.
  ദമ്പതികളുടെ കിടപ്പുമുറി തെക്കുകിഴക്കോ വടക്കുകിഴക്കോ ആകരുത്.

പഴയവീട് പുതുക്കി പണിയുമ്പോള്‍ എന്തെല്ലാം ചെയ്തിരിക്കണം?.

  ആദ്യം നിലവിലുള്ള വീടിന്‍റെ ഉത്തരപൂറം ചുറ്റളവ്‌ കാണുക. ഈ ചുറ്റളവ്‌ ഉത്തമമായിരുന്നാല്‍ മുകളിലേയ്ക്കും സ്വീകരിക്കുക. ഇതുകഴിഞ്ഞ് ഓരോ മുറിയുടേയും അകത്തെ അളവുകള്‍ ഉത്തമങ്ങളായ ചുറ്റളവിലേക്ക് യോജിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഗൃഹമദ്ധ്യസൂത്രം തട്ടാന്‍ ഇടവരാത്ത രീതിയില്‍ ചെയ്യുക.
  ഗൃഹമദ്ധ്യസൂത്രത്തില്‍ ശൗചാലയങ്ങള്‍ വരാതേയും, കട്ടിള, ജനാലകള്‍ മുതലായവ നേര്‍ക്കുനേര്‍ മദ്ധ്യങ്ങള്‍ ഒഴിവാക്കിയും വേണം ചെയ്യാന്‍.
   പുതിയ മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ മരത്തില്‍ ഉത്തരം, കഴുക്കോല്‍, എന്നിവകൊണ്ട് മേല്‍ക്കുര നിര്‍മ്മിച്ച തെക്കിനിപ്പുരയുടേയും, പടിഞ്ഞാറ്റിപ്പുരയുടേയും ഉത്തരപ്പുറത്ത് നിന്നുള്ള തള്ള് ഉത്തമമായിരിക്കണം.
  എന്നാല്‍ ഒന്നാം നില വാര്‍ത്തിട്ടുള്ളതാണെങ്കില്‍ ഭിത്തിപ്പുറം ചുറ്റളവിനാണ് പ്രാധാന്യം. പാദുകപ്പുറം ചുറ്റളവും ഉത്തമമായിരിക്കാന്‍ ശ്രദ്ധിക്കണം.

വാസ്തു നുറുങ്ങുകള്‍

1. സ്ഥലവും കെട്ടിടവും ഒരുപോലെ പ്രധാനമാണ്. സ്ഥലം ക്ഷേത്രമാണെങ്കില്‍ കെട്ടിടം ബീജമാണ്. സ്ഥലത്തിന്‍റെ ചരിത്രവും യോഗ്യതയും പരിശോധിച്ചറിയണം.
2.കുന്നിന്‍ പ്രദേശമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ ചരിവുള്ള സ്ഥലം തിരഞ്ഞെടുക്കുക. ഈ സ്ഥലത്ത് പതിക്കുന്ന മഴവെള്ളം കിഴക്കോട്ടോ പടിഞ്ഞാട്ടോ ഒഴുകി പോകാന്‍ അനുവദിക്കുക
3. ജലസാമീപ്യങ്ങളുടെ തെക്കോ പടിഞ്ഞാറോ വശത്തുള്ള ഭൂമി ഉത്തമമാണ്.
4. ഗ്യാരേജ് അല്ലെങ്കില്‍ കാര്‍ പോര്‍ച്ചിന് കിഴക്കുഭാഗം ഉത്തമാണ്.
5. ലക്ഷണമൊത്ത ഭവനത്തിന്‍റെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കും.
6. കുംഭം രാശിയിലെ കിണര്‍ ധാരാളം അഭിവൃദ്ധി ഉണ്ടാക്കും. മീനം, മേടം, ഇടവം രാശിയിലും കിണര്‍ കുഴിക്കാം. ഒരു കാരണവശാലും മദ്ധ്യഭാഗത്ത് കിണറ് കുഴിക്കരുത്.
7. വീടുപണിയുടെ ആവശ്യങ്ങള്‍ക്കായി പറമ്പ് കുഴിച്ച ശേഷം മണ്ണ് അധികം വന്നാല്‍ അത്യുത്തമം.
8. ഗൃഹാരംഭ ദിവസത്തെ അശ്വതി തുടങ്ങിയുള്ള നക്ഷത്രങ്ങള്‍ പ്രതിപദം തുടങ്ങിയുള്ള തിഥികള്‍, രവിവാരം തുടങ്ങിയുള്ള ആഴ്ചകള്‍. മേടം തുടങ്ങിയുള്ള രാശി സംഖ്യ ഇവയെല്ലാം കൂട്ടി 9 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 3,5,7,9 വന്നാല്‍ അത്യുത്തമം. ഇതിനെ നിഷ്പഞ്ചകം എന്ന് പറയുന്നു.
9. കിഴക്കുദിക്കില്‍ ധ്വജയോനി, തെക്ക് സിംഹയോനി പടിഞ്ഞാറ് വൃഷഭയോനി,  വടക്ക് ഗജയോനി ഇവ ചേര്‍ന്നാല്‍ ഉത്തമഗൃഹമായി.
10. വീടിന്‍റെ കോണിപ്പടികള്‍ ഇടത്തോട്ട് തിരിഞ്ഞ് പടികള്‍ കയറി വലത്തോട്ട് തിരിഞ്ഞ് പ്രവേശിക്കുന്നതായിരിക്കണം.
11. അടുക്കളയുടെ അളവ് തെറ്റാന്‍ പാടില്ല. ഒരു വീട്ടില്‍ രണ്ട് അടുക്കള പാടില്ല. വീട് വിട്ട്, അടുക്കള നിര്‍മ്മിക്കാന്‍ പാടില്ല.
12. മൂന്ന് ശാലകളുടെ ഗൃഹത്തിനെ ത്രിശാലയെന്നും നാല്ശാലകളുള്ളത് നാലുകെട്ടും, എട്ടുശാലകളുള്ളത് എട്ടുകെട്ടും എന്ന് പറയുന്നു. ഇവ കൂടാതെ പണ്ടുകാലങ്ങളില്‍ 12 കെട്ടും, 16 കെട്ടും പണി ചെയ്യിച്ചിരുന്നു.
13. മാറാല പിടിച്ച വീട് ഐശ്വര്യക്കേട്‌ ഉണ്ടാക്കുമെന്നും, പൂജാമുറി സദാ ശുദ്ധമായിരിക്കണമെന്നും, അടുക്കളയില്‍ കിടന്നുറങ്ങരുതെന്നും വാസ്തുശാസ്ത്രം അനുശാസിക്കുന്നു.
  വീടിന്റെ പടിഞ്ഞാറ്, തെക്ക്‌, തെക്കുപടിഞ്ഞാറ് എന്നീ മുറികളിലാണ് ധനം സൂക്ഷിക്കേണ്ടത്. അലമാരയുടെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കണം.

ഗൃഹാരംഭം / ഗൃഹപ്രവേശ മുഹൂര്‍ത്തം

ആദിത്യന്‍ മകരം തുടങ്ങിയും കര്‍ക്കിടകം തുടങ്ങിയും ചരരാശികളില്‍ നില്‍ക്കുന്ന സമയം കിഴക്ക് മുതലായ ദിക്കുകളില്‍ ഗൃഹാരംഭത്തിനു ശുഭം. അങ്ങനെ വരുമ്പോള്‍ മകരം, കുംഭം, കര്‍ക്കിടകം, ചിങ്ങം ഈ മാസങ്ങളില്‍ കിഴക്കേതും പടിഞ്ഞാറും ദിക്കുകളില്‍ ആരംഭിക്കാം. മേടം, ഇടവം, തുലാം, വൃശ്ചികം ഈ മാസങ്ങളില്‍ വടക്കേതും തെക്കേതും ആരംഭിക്കാം. ഇതില്‍ കര്‍ക്കിടകമാസം വര്‍ജിക്കുന്നത് ഉത്തമം.

        മകം, മൂലം ചോറുണിന്നുവിധിച്ച പതിനാറു നക്ഷത്രങ്ങളും ഗൃഹാരംഭത്തിനു ശുഭമാണ്‌. മേടം, കര്‍ക്കിടകം, തുലാം, മകരം രാശികളൊഴികെ മറ്റു എട്ടുരാശികളും ഗൃഹാരംഭമുഹൂര്‍ത്തത്തിന് ശുഭമാണ്‌. ഇതില്‍ സ്ഥിര രാശികളും മൂര്‍ദ്ധോദയവും ഒത്തുവന്നാല്‍ അത്യുത്തമമാണ്.
         ആദിത്യന്‍ കാര്‍ത്തിക നക്ഷത്രത്തിലും ഉഭയരാശികളിലും കര്‍ക്കിടക്കത്തിലും നില്‍ക്കുന്നകാലം ഗൃഹാരംഭം ചെയ്യരുത്. സിംഹക്കരണവും വ്യാഘ്രക്കരണവും വര്‍ജ്യമാണ്‌. ഗൃഹാരംഭാത്തിന്നു നാലാമേടത്ത് പാപന്മാര്‍ നില്‍ക്കരുത്. അഷ്ടമത്തില്‍ കുജന്‍ ഒട്ടും നല്ലതല്ല. ലഗ്നത്തില്‍, ആദിത്യനെ വര്‍ജിക്കണം.
        ഞായറും ചൊവ്വയും ഗൃഹാരംഭം പാടില്ല. പ്രതിഷ്ഠാമുഹൂര്‍ത്തത്തില്‍ പറഞ്ഞവിധം ഇവിടെയും വേദനക്ഷത്രം വര്‍ജിക്കണം. പൂര്‍വ്വരാത്രങ്ങള്‍രണ്ടും അപരാഹ്നവും നിന്ദ്യമാണ്. ഇപ്രകാരമുള്ള ദോഷങ്ങളും നിത്യദോഷങ്ങളും ഗൃഹനാഥന്റെ കര്‍ത്തൃദോഷവും ജന്മനക്ഷത്രം ജന്മാഷ്ടമരാശി തച്ചന്ദ്രന്‍, മൂന്ന് അഞ്ച്, ഏഴ് നക്ഷത്രങ്ങള്‍ പ്രത്യേകം വര്‍ജിക്കണം.
ഗൃഹപ്രവേശം :- 

     ഗൃഹപ്രവേശത്തിന്‌ കര്‍ക്കിടകം, കന്നി, കുംഭം രാശികളില്‍ ആദിത്യന്‍ നില്‍ക്കുന്ന സമയം ആശുഭമാണ്. അതായത് കര്‍ക്കിടകം, കന്നി, കുംഭം മാസങ്ങള്‍ ഒഴിവാക്കണം. ശിഷ്ടം ഒമ്പത് മാസങ്ങളും ഉത്തമങ്ങളാണ്. മറ്റെല്ലാനിയമങ്ങളും ഗൃഹാരംഭവിധിപോലെ തന്നെ.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: