മന്ത്രങ്ങള്‍

 

യന്ത്രശുദ്ധി വരുത്തുന്നതിന് (ഏലസ്സ്)

  വിധിയാംവണ്ണം ഒരു യന്ത്രം നിര്‍മ്മിച്ച്‌ കഴിഞ്ഞാല്‍ അത് ദേഹത്ത് ധരിക്കുകയോ ഭൂമിയില്‍ സ്ഥാപിക്കുകയോ ചെയ്യണമെങ്കില്‍ യന്ത്രശുദ്ധിവരുത്തി അതിന് ചൈതന്യം ഉണ്ടാകേണ്ടതുണ്ട്.
  ഒന്നാമതായി ഒരു ദിവസം ജലാധിവാസം ചെയ്യുക. അടുത്ത ദിവസം പുറ്റുമണ്ണ് തേച്ചു കഴുകുക. പിന്നെ നാല്പാമരപ്പൊടി തേച്ച് കഴുകുക. പിന്നീട് പുണ്യാഹം ജപിച്ചു തളിക്കുക. അടുത്തതായി നാല്പാമരമിട്ടു തിളപ്പിച്ച വെള്ളം, പഞ്ചഗവ്യം എന്നിവയില്‍ ആറാടിക്കേണ്ടതാണ്. പിന്നീട് അതാതിന് നിശ്ചയിച്ചിട്ടുള്ള മൂര്‍ത്തിയെ ആവാഹിച്ച് പൂജിച്ച് പ്രാണപ്രതിഷ്ഠാമന്ത്രം തൊട്ടു ജപിക്കുക. ജപത്തിന്റെ പത്തിലൊരു ഭാഗം ഹോമിച്ച് പ്രസാദം സ്പര്‍ശിക്കുകയും വേണം. ഇത്രയുമെല്ലാം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ യന്ത്രം ദേഹത്ത് ധരിക്കുന്നതിനോ ഭൂമിയില്‍ സ്ഥാപിക്കുന്നതിനോ യോഗ്യമാകുന്നത്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്ത് യന്ത്രം (ഏലസ്സ്) ധരിച്ചാല്‍ മാത്രമേ ഉദ്ദിഷ്ഠകാര്യങ്ങള്‍ സഫലമാകുകയുള്ളൂ.

യന്ത്ര ധാരണോദ്ദേശ്യം

  ദേഹത്ത് യന്ത്രം ധരിക്കുന്നത് ബാധോപദ്രവങ്ങള്‍ തീരുന്നതിനുവേണ്ടിയോ ഐശ്വര്യത്തിനുവേണ്ടിയോ കാര്യസാദ്ധ്യത്തിനുവേണ്ടിയോ ആയിരിക്കുമല്ലോ? ബാധോപദ്രവം നീക്കുന്നതിനാണെങ്കില്‍ ശരീരത്തില്‍ കൂടിയിരിക്കുന്ന മൂര്‍ത്തിയെ ആവാഹിച്ച് യഥാശക്തി ചില ബലിപൂജാദികള്‍ ചെയ്ത് അവയെ ഒഴിപ്പിച്ച്‌ സാദ്ധ്യനെ ഭാസ്മസ്നാനം മുതലായവ ചെയ്യിച്ച് മൂര്‍ത്തിയെ ഇളക്കി സത്യം ചെയ്യിപ്പിച്ചു പറഞ്ഞുവിടേണ്ടതാണ്‌. ചില സന്ദര്‍ഭങ്ങളില്‍ യന്ത്രധാരണം കൊണ്ടുതന്നെ ബാധോപദ്രവം തീരുന്നതായിരിക്കും. അതെല്ലാം അവരവരുടെ യുക്തിപോലെ ചിന്തിച്ച് ഏതാണ് അഭികാമ്യം എന്നുവച്ചാല്‍ അതുപോലെ ചെയ്യുക.

ആഭിചാരം എന്നാലെന്ത്?

  ശത്രുദോഷം വരുത്തുന്ന മാന്ത്രികക്രിയയാണ് ആഭിചാരം. ഏതെങ്കിലും തന്റെ ശത്രുവിനെ കൊല്ലാനോ അപകടത്തില്‍പ്പെടുത്താനോ, ദോഷങ്ങള്‍ വരുത്താനോ ചില മന്ത്രവാദികള്‍ ചെയ്യുന്ന ദുഷ്കര്‍മ്മം. ഏതെങ്കിലും ഒരു ലോഹത്തകിടില്‍ സാദ്ധ്യായനാമമെഴുതി ചില അടയാളങ്ങളും കളങ്ങളും ശത്രുവിന്റെ ചിത്രവും വരച്ച് ഇത്ര ദിവസം എന്ന കണക്കില്‍ പൂജ ചെയ്ത് എടുക്കുന്നു. തകിട് ചുരുട്ടി ഒരു കുഴലിലോ മറ്റേതെങ്കിലും പ്രത്യേകതരം സാധനങ്ങളിലോ അടക്കം ചെയ്ത് ശത്രുവരുന്ന വഴിയില്‍ സ്ഥാപിച്ച് അയാളറിയാതെ മറികടത്തുകയോ ചവിട്ടുകയോ ചെയ്യിക്കുന്നു. അങ്ങനെ കൃത്യമായി മന്ത്രം ഉരുചെയ്ത് സ്ഥാപിച്ചാല്‍ ഇത്ര ദിവസത്തിനകം ശത്രുവില്‍ ഫലം കാണുമെന്ന് വിശ്വസിക്കുന്നു.
  തകിട് കൂടാതെ പൂച്ച, തവള, ഓന്ത്, പല്ലി, കോഴി, എന്നിവയെ കൊന്ന് തലയറുത്തും ചൊറിച്ചിലുള്ള ചേനയിലും ആഭിചാരം ചെയ്യുന്നതായി പറയുന്നു.

മന്ത്രവ്യത്യാസങ്ങള്‍

  പത്തക്ഷരങ്ങള്‍വരെയുള്ള മന്ത്രങ്ങള്‍ ബീജമന്ത്രങ്ങളും, പതിനൊന്നു മുതല്‍ ഇരുപതുവരെ അക്ഷരങ്ങളുള്ള മന്ത്രങ്ങള്‍ സാധാരണ മന്ത്രങ്ങളും ഇരുപതക്ഷരങ്ങളില്‍ അധികമായിട്ടുള്ളവ മാലാമന്ത്രങ്ങളുമാകുന്നു.
  ബാല്യത്തില്‍ ബീജമന്ത്രങ്ങളും യൗവനകാലത്ത് മറ്റുള്ള മന്ത്രങ്ങളും വാര്‍ദ്ധക്യകാലത്ത് മാലാമന്ത്രങ്ങളും ഉപാസിക്കുന്ന പക്ഷം വളരെ വേഗത്തില്‍ ഫലസിദ്ധികളുണ്ടാകുന്നതാണ്.

ആഭിചാരഹോമത്തിന്

  എണ്ണ, തിപ്പലി , രാജിരക്തം (ആര്‍ത്തവരക്തം) വിഷമുള്ളുള്ള ചമതകള്‍, നീലഉമ്മം, കടലാടി, എരിക്ക്, ആട്ടിന്‍രോമം, ഒട്ടകകാഷ്ഠം എന്നിവയ്ക്ക് പുറമേ യജ്ഞാചാര്യന്‍ നിര്‍ദ്ദേശിക്കുന്ന വസ്തുക്കളും ആഭിചാര ഹോമത്തിന് കരുതേണ്ടതാണ്.

മാരണം

   കൊല്ലുക, ഇല്ലാതാക്കുക എന്നെല്ലാമാണ് മരണത്തിനര്‍ത്ഥം. ഉപദ്രവകാരികളായ ശത്രുക്കളെ അഥവാ ബാധകളെ അവ വീണ്ടും ഉപദ്രവം ഉണ്ടാക്കുന്നതില്‍ നിന്നും തടയുക എന്നതാണ് മരണത്തിന്റെ ഉദ്ദേശം. മങ്ങിയനിറമുള്ള പുഷപങ്ങള്‍ കൊണ്ട് കാളീപൂജ ചെയ്താണ് മാരണം നടത്തേണ്ടത്. വീടിന്റെ അഗ്നികോണി ല്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുവേണം മാരണം ചെയ്യുവാന്‍. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ്, ഞായര്‍, ശനി, ചൊവ്വ എന്നീ ദിവസങ്ങള്‍ മാരണത്തിന് ഉത്തമമാണ്. ഭദ്രകാസനമാണ് മരണത്തിന് വിധിച്ചിരിക്കുന്നത്. പോത്തിന്‍തോലിലിരുന്നാണ് മന്ത്രവിധികള്‍ നിര്‍വ്വഹിക്കേണ്ടത്. ആദ്യം മന്ത്രം ജപിക്കുകയും പിന്നീട് പേര് ചൊല്ലുകയും ചെയ്യുന്ന രീതിയാണ് മാരണത്തിന് അവലംബിക്കേണ്ടത്. കടുക്കെണ്ണയില്‍ കരിങ്ങാലിച്ചമത മുക്കി ഹോമിക്കുകയാണ് ചെയ്യുന്നത്. കഴുതപ്പല്ലുകൊണ്ട് ഉണ്ടാക്കിയ ജപമാല ഉപയോഗിക്കണം.

ഉച്ചാടനം

  വീടും നാടും ഉപേക്ഷിച്ച് പോകാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് ഉച്ചാടനം. സ്ഥാനഭ്രംശം എന്നും ഇതിന് അര്‍ത്ഥം കല്പിക്കാറുണ്ട്. സ്വന്തം ഭവനവും വസ്തുവകകളുമെല്ലാം അന്യാധീനപ്പെട്ട്, നശിച്ച് അഷ്ടിക്ക് വകയില്ലാതെ മറ്റൊരു ദേശത്തേയ്ക്ക് പാലായനം ചെയ്യേണ്ടിവരുന്ന അവസ്ഥയാണിത്. പണ്ട് പല വ്യാധികളും (രോഗങ്ങളും) ഉച്ചാടനത്തിലൂടെ ഭേദമാക്കാറുണ്ട്.
  പച്ചനിറത്തിലുള്ള പൂക്കള്‍കൊണ്ട് ദുര്‍ഗ്ഗാഭഗവതിയെ പൂജിക്കുകയാണ് ഉച്ചാടനത്തില്‍ ചെയ്യാറ്. വീടിന്റെ വായുകോണില്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുവേണം ഉച്ചാടനകര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. കറുത്തപക്ഷത്തില്‍ പതിനാലോ അഷ്ടമിയോ ശനിയോ വന്നാല്‍ ഉച്ചാടനത്തിന് ഉത്തമ സമയമാണ്. ആട്ടിന്‍ തോലില്‍ വജ്രാസനത്തിലിരുന്നാണ് ഉച്ചാടനം ചെയ്യേണ്ടത്.
  ആദ്യം മന്ത്രം മുഴുവന്‍ ചൊല്ലി പിന്നീട് പേര് മുഴുവന്‍ ചൊല്ലുന്ന ‘യോഗം’ എന്ന രീതിയിലാണ് ഉച്ചാടനമന്ത്രങ്ങള്‍ ജപിക്കേണ്ടത്. കടുക്കെണ്ണയില്‍ മാവിന്‍ചമത മുക്കിയാണ് ഉച്ചാടനത്തിന് ഹോമിക്കേണ്ടത്. കുതിരപ്പല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച മാലയാണ് ഉച്ചാടനത്തിന് ജപിക്കാന്‍ ഉപയോഗിക്കേണ്ടത്.

വിദ്വേഷണം

   ശത്രുപക്ഷത്ത് നില്‍ക്കുന്ന രണ്ടുപേര്‍ തമ്മില്‍ പരസ്പരവൈരം ജനിപ്പിച്ച് അവരെ തകര്‍ക്കുക എന്ന ലക്ഷ്യമാണ്‌ വിദ്വേഷണ കര്‍മ്മത്തിനും മന്ത്രങ്ങള്‍ക്കും ഉള്ളത്ത്. പല നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് ജ്യേഷ്ഠാഭഗവതിയെ പൂജിക്കുകയാണ് വിദ്വേഷണത്തിന് ചെയ്യുന്നത്. വീടിന്റെ ‘നിര്യതി’ കോണില്‍ ആ ദിക്കിലേയ്ക്കു തിരിഞ്ഞിരുന്നുവേണം പൂജ ചെയ്യേണ്ടത്. വെളുത്തപക്ഷത്തിലെ ഏകാദശി, ദശമി, നവമി, അഷ്ടമി എന്നീ തിഥികളിലും വെള്ളിയാഴ്ച, ശനിയാഴ്ച എന്നീ ദിവസങ്ങളിലുമാണ് വിദ്വേഷണം ചെയ്യേണ്ടത്. കുറുക്കന്റെ തോലില്‍ ‘കുക്കുടാസന’ ത്തിലിരുന്ന് വേണം മന്ത്രം ജപിക്കേണ്ടത്. “രോധനം” എന്ന രീതിയില്‍ വേണം മന്ത്രം ജപിക്കേണ്ടത്. നാമത്തിന്റെ ആദ്യഭാഗത്തും മദ്ധ്യത്തിലും ഒടുവിലും മന്ത്രം ജപിക്കുന്ന രീതിയാണിത്. ഹോമത്തിന് കള്ളിച്ചമതയും അഗസ്തി എണ്ണയും വേണം. കടല്‍നാക്കു കൊണ്ടുള്ള ജപമാല വേണം ഉപയോഗിക്കേണ്ടത്.

സ്തംഭനം

  എല്ലാ പ്രവൃത്തികളില്‍ നിന്നും തടയുക എന്നതാണ് സ്തംഭനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ശാരീരികമായി യാതൊന്നും ചെയ്യാന്‍ ശേഷിയില്ലാതെ സകലശക്തികളും സ്തംഭിച്ച് പോകുന്ന അവസ്ഥ സ്തംഭനകര്‍മ്മത്തിന്റെ ഫലമായി ഉണ്ടാകുമെന്ന് പറയുന്നു. മനുഷ്യന് ഉപദ്രവകാരികളായ ദുഷ്ടജന്തുക്കളെയും സര്‍പ്പങ്ങളെയും നിയന്ത്രിക്കാന്‍ സ്തംഭനത്തിന് ശേഷിയുണ്ട്.
  മഞ്ഞപ്പൂക്കള്‍ കൊണ്ട് ഭഗവതിയെ പൂജിക്കുകയാണ് സ്തംഭനത്തില്‍ വേണ്ടത്. വീടിന്റെ കിഴക്കുഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞിരുന്നുവേണം സ്തംഭനകര്‍മ്മം ചെയ്യേണ്ടത്. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ് എന്നിവയും ചൊവ്വ, ശനി, ഞായര്‍ എന്നീ ദിവസങ്ങളും സ്തംഭനകര്‍മ്മത്തിന് ഉത്തമമാണ്. വികടാസനമാണ് സ്തംഭനത്തിന് പറഞ്ഞിട്ടുള്ളത്. ആനത്തോലിട്ടിരുന്നുവേണം സ്തംഭന കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. “സമ്പുടം” എന്ന രീതി അവലംബിച്ചാണ് സ്തംഭന മന്ത്രങ്ങള്‍ ജപിക്കേണ്ടത്. ആദ്യം മന്ത്രം മുഴുവന്‍ ജപിക്കുക. പിന്നെ നാമം മുഴുവന്‍ ചൊല്ലുക. പിന്നെ വിപരീതദിശയില്‍ ചെയ്യുക. ഇതാണ് സമ്പുട രീതി. കൊന്നയുടെ ചമത ആടിന്റെ നെയ്യില്‍ നനച്ചുവേണം ഹോമിക്കേണ്ടത്.
  വേപ്പിന്‍ കുരുകൊണ്ട് നിര്‍മ്മിച്ച മാലയാണ് സ്തംഭനക്രിയയില്‍ ജപത്തിനായി ഉപയോഗിക്കേണ്ടത്. പേരാല്‍മരം കടഞ്ഞുണ്ടാക്കിയ അഗ്നി ഉപയോഗിച്ചുവേണം സ്തംഭനത്തില്‍ ഹോമം ചെയ്യേണ്ടത്.

സാധാരണ ചെയ്യുന്ന ഹോമങ്ങള്‍

  ഫലങ്ങള്‍ ഉപയോഗിച്ചുള്ള ഹോമങ്ങള്‍ ദേവപ്രീതിക്കും പ്ലാശിന്‍ചമതകൊണ്ടുള്ള ഹോമം അഭീഷ്ടകാര്യം സാധിക്കുന്നതിനും ഉത്തമമാണ്. കരവീരപുഷ്പം ഉപയോഗിച്ചുള്ള ഹോമം സ്ത്രീകളെ വശീകരിക്കുന്നതിനും ചിറ്റമൃത് ഉപയോഗിച്ചുള്ള ഹോമ രോഗശമനത്തിനും കറുകഹോമം ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതിനും ശര്‍ക്കര ഉപയോഗിച്ചുള്ള ഹോമം ജനങ്ങള്‍ വശീകരിക്കപ്പെടുന്നതിനും നാല്പാമരം ഉപയോഗിച്ച് തെളിച്ച ഹോമകുണ്ഡത്തില്‍ നെല്ല്, യവം മുതലായവ ഹോമിക്കുന്നത് ഐശ്വര്യസിദ്ധിക്കും ഉത്തമമാണ്. മുരിക്കിന്‍പൂവ് ബ്രാഹ്മണരെ വശത്താക്കാനും പടലോവള്ളി ക്ഷത്രിയരെ വശത്താക്കാനും കൊന്നച്ചമത വൈശ്യരെ വശത്താക്കാനും പുന്നച്ചമത ശൂദ്രരെ വശത്താക്കാനും ഉപയോഗിക്കുന്നു. വരക്, ഉഴുന്ന്, പരുത്തിക്കുരു തുടങ്ങിയവ ശത്രുക്കളെ നേരിടുന്നതിനും നശിപ്പിക്കുന്നതിനുമായി ഹോമത്തിന് ഉപയോഗിച്ചുവരുന്ന വസ്തുക്കളാണ്. ഇതില്‍ വരക് ഉപയോഗിച്ച് ഹോമിച്ചാല്‍ ശത്രുവിന് വ്യാധി (രോഗം) പിടിപെടും. താന്നിച്ചമത ശത്രുവിനെ മാനസ്സികരോഗിയാക്കിമാറ്റും. പരുത്തിക്കുരു, ശത്രുവിന്റെ പ്രവര്‍ത്തനങ്ങളെ അപ്പാടെ സ്തംഭിപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ളവയാണ്. ഉഴുന്ന് ശത്രുവിന്റെ സംസാരശേഷിതന്നെ നശിപ്പിച്ചുകളയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

അഥര്‍വ്വം

  വേദങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് അഥര്‍വ്വത്തിനുള്ളത്. ശത്രുക്കളെ നശിപ്പിക്കുന്നതിനുള്ള ആഭിചാരമന്ത്രങ്ങളാണ് ഇതിലെ പ്രതിപാദ്യ വിഷയം.
  വസിഷ്ഠ മഹര്‍ഷിയുടെ പുത്രനായിരുന്ന അഥര്‍വ്വണനാണ് (അഥര്‍വ്വാവ് ) ഇതിന്റെ കര്‍ത്താവെന്ന് കരുതപ്പെടുന്നു.
 നക്ഷത്രകല്പം, വേദകല്പം, സംഹിതാകല്പം, ആംഗിരസകല്പം, ശാന്തികല്പം എന്നിവ അഥര്‍വ്വവേദത്തിന്റെ അഞ്ചു സംഹിതകളാണ്.
 ഇവയില്‍ ആംഗിരസകല്പത്തിലാണ് ആഭിചാരകര്‍മ്മങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ഇരുപത്തിയൊന്ന് മന്ത്രവിധികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

തര്‍പ്പണവിധികള്‍

  ശാന്തികര്‍മ്മത്തിനും വശ്യകര്‍മ്മത്തിനും മഞ്ഞള്‍കലക്കിയ വെള്ളം കൊണ്ട് തര്‍പ്പണം ചെയ്യണം. ഈ വെള്ളത്തില്‍ കുരുമുളകിട്ട് ചൂടാക്കി വേണം സ്തംഭനത്തിനും മാരണത്തിനും തര്‍പ്പണം ചെയ്യേണ്ടത്. വിദ്വേഷണത്തിനും ഉച്ചാടനത്തിനും ആടിന്റെ ചോരകലക്കിയ വെള്ളം കൊണ്ട് വേണം തര്‍പ്പണം ചെയ്യേണ്ടത്. ശാന്തിക്കും വശീകരണത്തിനും സ്വര്‍ണ്ണപ്പാത്രം, സ്തംഭനത്തിന് മണ്‍പാത്രം, വിദ്വേഷണത്തിന് കരിങ്ങാലിപ്പാത്രം, ഉച്ചാടനത്തിന് ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച പാത്രം എന്നിവ ഉപയോഗിക്കണം.

മന്ത്രങ്ങളുടെ ദോഷപരിഹാരം

  ഏതുവര്‍ഗ്ഗത്തില്‍പ്പെട്ട മന്ത്രങ്ങളാണെങ്കിലും പരമ്പരാഗതമായി സാധകം ചെയ്തുകൊണ്ടിരുന്ന മന്ത്രങ്ങളാണെങ്കില്‍ അവ ദുഷ്ടമന്ത്രങ്ങളാണെന്ന് ഇടയ്ക്കെപ്പോഴെങ്കിലും ബോദ്ധ്യപ്പെടുകയാണെങ്കില്‍ ആ മന്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. മന്ത്രങ്ങളുടെ ആദിയിലും അന്ത്യത്തിലും പ്രണവം (ഓം) ചേര്‍ത്ത് ആ മന്ത്രങ്ങള്‍ തുടര്‍ന്ന് ജപിച്ചാല്‍ ദോഷങ്ങളെല്ലാം തീര്‍ന്ന് സദ്‌ഫലസിദ്ധികളുണ്ടാകുന്നതാണ്.

സിദ്ധിപ്രദങ്ങളായ മന്ത്രങ്ങള്‍

  മൂന്നക്ഷരങ്ങളുള്ളവ, ഒരക്ഷരം മാത്രമുള്ളവ, നരസിംഹമന്ത്രങ്ങള്‍, കാര്‍ത്തവീര്യാര്‍ജ്ജുനമന്ത്രം, ഗണപതിമന്ത്രങ്ങള്‍, ചേടകാ യക്ഷിണി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീ മന്ത്രം, ശ്യാമാമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, സരസ്വതീമന്ത്രങ്ങള്‍ എന്നിവ ഇന്നത്തെയുഗത്തില്‍ ആര്‍ക്കും ജപിക്കാവുന്ന മന്ത്രങ്ങളാണ്.

കലിയുഗത്തിലെ സിദ്ധിമന്ത്രങ്ങള്‍

  നരസിംഹമന്ത്രങ്ങള്‍, ഹയഗ്രീവമന്ത്രങ്ങള്‍, ഭൈരവമന്ത്രങ്ങള്‍, ഗണപതി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീമന്ത്രങ്ങള്‍, കുബേരമന്ത്രങ്ങള്‍, യക്ഷിണീമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, മൂന്നക്ഷരങ്ങളുള്ളവ, ഏകാക്ഷരമന്ത്രം എന്നിവ ഏകാഗ്രതയോടെ പതിവായി ദിവസവും ജപിക്കുന്നവര്‍ക്ക് കാലദോഷങ്ങളുണ്ടാവുകയില്ല; ക്ഷിപ്രത്തില്‍ ഫലപ്രാപ്തികളുണ്ടാവുന്നതുമാണ്.

ഹോമവ്യത്യാസങ്ങള്‍

  പഴങ്ങള്‍കൊണ്ടുള്ള ഹോമം സുഖപ്രാപ്തിക്കും പ്ലാശിന്‍ചമതകൊണ്ടുള്ള ഹോമം അഭീഷ്ടസിദ്ധിക്കും കരവീരപുഷ്പങ്ങള്‍ കൊണ്ടുള്ള ഹോമം സ്ത്രീവശ്യാദികള്‍ക്കും കറുകനാമ്പുകള്‍കൊണ്ടുള്ള ഹോമം ബുദ്ധി വികാസത്തിനും പാണ്ഡിത്യപ്രാപ്തിക്കും വരകുകൊണ്ടുള്ള ഹോമം ശത്രുവിനാശനത്തിനും താന്നിച്ചമതകൊണ്ടുള്ള ഹോമം വിരോധികള്‍ക്ക് ബുദ്ധിഭ്രമമുണ്ടാകുന്നതിനും പരുത്തിക്കുരുകൊണ്ടുള്ള ഹോമം സ്തംഭനാദികള്‍ക്കും ഉഴുന്നുകൊണ്ടുള്ള ഹോമം ശത്രുക്കള്‍ക്ക് വാക്സ്തംഭനം ഉണ്ടാക്കുന്നതിനും പ്രയോജപ്പെടുന്നതാണ്.

 

 

 

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: